നാല് പെണ്ണുങ്ങള്



തകഴിയുടെയും, അടൂരിന്റെയും കണ്ണില് പെടാത്ത
നാല് പെണ്ണുങ്ങള്



പൊന്നമ്മ

പുലര്ച്ചക്ക് അവര് മുറ്റമടിക്കുന്ന ശബ്ദം കേട്ടായിരുന്നു കുട്ടിക്കാലത്ത് ഉറക്കമെണീറ്റിരുന്നത്. പൊന്നമ്മ എന്ന സ്ത്രീയെ ഓര്മ്മ വെച്ചനാള് മുതല് അമ്മയുടെ നിഴലായി കണ്ടിരുന്നു. അതിരാവിലെ വീട്ടിലെത്തും. അവര് അടുക്കളപ്പണിക്കും, ഭര്ത്താവ് കുഞ്ഞിചെറുക്കന് പുറം പണികള്ക്കുമായി കാലങ്ങളായി കൂടെയുണ്ട്. അയാളുടെ അച്ഛന് മുത്തച്ഛന്റെ ആശ്രിതനായി കല്പ്പനകള് കാത്ത് മുറ്റത്തു നിന്നിരുന്നൊരു മെല്ലിച്ച മനുഷ്യനും, ക്ഷീണിച്ച ഓര്മ്മകളുടെ മുറ്റത്ത് നില്പ്പുണ്ട്. കൃഷികാര്യങ്ങളുടെ ഉത്തരവാദിത്ത്വം മുഴുവന് അയാളുടെ തലയിലായിരുന്നു.
അഛന്റെ കാലം വന്നപ്പോള്, അയാളുടെ മകനായ കുഞ്ഞിച്ചെറുക്കന് പറമ്പുകളുടെ , പാടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. പറഞ്ഞു വന്നതു പൊന്നമ്മയെക്കുറിച്ചാണു. കറുത്ത്, ഉയരം കുറഞ്ഞ്, ആവശ്യത്തിലേറെ പ്രസാദം നിറഞ്ഞ സ്ത്രീ. ഏകദേശം ഞങ്ങളുടെ അതേ പ്രായങ്ങളില് പെട്ട നാലുകുട്ടികളുണ്ടവര്ക്ക്. വീട്ടുപണികളിലമ്മയെ സഹായിച്ച്, ഭര്ത്താവിനെ ഒരു കൈ സഹായം നല്കാന് പറമ്പിലേക്കിറങ്ങും. ഉച്ചകഴിഞ്ഞ നേരങ്ങളില് അമ്മയുടെ തലയിലെ താരന് കുത്തിക്കളഞ്ഞ് എണ്ണ തേച്ച് കൊടുക്കും. വെറുതെയിരിക്കേയില്ല. അദ്ധ്വാന ശീലം ഇത്രവേണോയെന്ന് കാണുന്നവരെക്കൊണ്ട് സംശയിപ്പിക്കും.
ഭര്ത്താവു കുഞ്ഞിചെറുക്കനും അങ്ങനെ തന്നെ. വീര പരാക്രമിയുമാണു. ഒരു ഉത്സവകാലത്ത്, അമ്പലപറമ്പും, റോഡുകളും ജനസമുദ്രമായ ഒരു പകലില്, പഴയകാല ശത്രുവിനെ കയ്യില് കിട്ടിയപ്പോള് തിരിച്ചും മറിച്ചുമിട്ട് കുത്തി മലര്ത്തിയ ശൌര്യം കണ്ണാലെ കണ്ടിട്ടുണ്ട്. സ്വന്തം കൈപ്പത്തിയറ്റു പോകാറായതു പോലും ഗൌനിക്കാതിരുന്ന ശൂരന്. ഒക്കെയാണെങ്കിലും സ്ത്രീകള് അയാളുടെ ബലഹീനതയാണു. വീടിനു ചുറ്റുപുറങ്ങളില് പലയിടങ്ങളിലായി നിരവധി ബന്ധങ്ങള് സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. അതൊക്കെ പൊന്നമ്മയുടെ കണ്ണില് പെടുകയും, ആ അവിഹിത ബന്ധങ്ങളിലെല്ലാം ഇടംകോലിടുകയും., ഭര്ത്താവിന്റെ സ്വന്തം വരുതിയിലെക്കു മടക്കികൊണ്ടുവരികയും ചെയ്തു പോന്നു.
ഒരു പാതിരാത്രിയില് അപഥസഞ്ചാരത്തിനിറങ്ങിയ ഭര്ത്താവിനെ ജാനകിയെന്ന വിധവയുടെ വീട്ടിനുള്ളില് നിന്ന് പിടികൂടി രണ്ടിനേയും താക്കീതു ചെയ്ത് ഭര്ത്താവിനെ വീട്ടിലേക്കു കൊണ്ടു പോയി. വീണ്ടും ജാനകിയയാളെ വല വീശിപ്പിടിക്കാന് ശ്രമിച്ചതറിഞ്ഞ്, നാലാളു കൂടിനില്ക്കുന്ന റേഷന് കടയുടെ മുന്നില് വെച്ച്, സിംഹിയെപ്പോലെ ചീറിച്ചെന്ന് മണ്ണണ്ണക്കുപ്പി കൊണ്ട് ജാനകിയുടെ തലയടിച്ചു പൊട്ടിച്ചു.
അവരുടെയാ സാമര്ത്ഥ്യം എനിക്കു നന്നേ പിടിച്ചിരുന്നു.
എന്നിട്ടും ഇടക്കിടെ അയാള് അവരുടെ നിയന്ത്രണപരിധിക്കു പുറത്തേക്കു സഞ്ചരിക്കുന്നുണ്ടോയെന്ന വിദൂര സംശയങ്ങളില് പെടുന്ന അവസ്ഥകളില് അവര് അമ്മക്കു പരാതിനല്കും, അമ്മയത് മുത്തശ്ശിക്കും, അവരതു മുത്തച്ഛനും സമര്പ്പിക്കും. അദ്ദേഹം കുഞ്ഞിചെറുക്കനെ വരുത്തി സാക്ഷിക്കൂട്ടിലെന്ന വ്യാജേന വിചാരണ ചെയ്യും. കുഞ്ഞിചെറുക്കന് ഒരു ഇളഭ്യച്ചിരിയോടെ തലകുനിച്ചു നില്ക്കും. സത്യത്തില് അതൊരു വ്യാജ ഏര്പ്പാടാണ്. കണ്ടുനില്ക്കുന്നവരെ വിഡ്ഡികളാക്കുന്നതരം പ്രഹസനം മാത്രമാണത് . ഇതൊക്കെയാണുങ്ങള്ക്കു പറഞ്ഞിട്ടുള്ളതാണെന്ന ഭാഷ്യം ആ ചോദ്യം ചെയ്യലിലെ ഭാവങ്ങളിലുണ്ടോയെന്നു തോന്നുമെങ്കിലും പൊന്നമ്മക്ക് അതൊരാശ്വാസമാണു.

അങ്ങനെയിരിക്കെയാണു അച്ഛന്റെ തറവാട്ടില് മുത്തച്ഛനേയും മുത്തശ്ശിയേയും പരിചരിക്കുവാന് ലീലയെന്ന ഇരുനിറത്തില് മെലിഞ്ഞ സുന്ദരിയെത്തിയത്.
രണ്ടുപേര്ക്കുള്ള ഭക്ഷണമുണ്ടാക്കലും, തുണികഴുകലും മാത്രമായിരുന്നു അവരുടെ പണി. ബാക്കി നേരങ്ങള് മുഴുവന്, മേലാസകലം മഞ്ഞളും പയര്പൊടിയും പൂശുന്നതിനും സൌന്ദര്യ സംരക്ഷണം നടത്തുന്നതിനായും നീക്കി വെച്ചു. സ്ത്രീയെന്ന മാസ്മരികത, ലീലയെന്ന സുന്ദരിയില് കൂടി കയറി കുഞ്ഞിചെറുക്കന്റെ സുബോധം കെടുത്തി. അതും പൊന്നമ്മയറിഞ്ഞ്, പലവുരു അമ്മയോടു പരാതി പറഞ്ഞു. ഒക്കെ തോന്നലായിരിക്കുമെന്ന് അമ്മ ആശ്വസിപ്പിച്ചു.
എന്നാലധികം വൈകാതെയതു സംഭവിച്ചു. ഒരു വെളുപ്പിനു പൊന്നമ്മയുടെ നിലവിളി കേട്ടാണു വീടുണര്ന്നത്. ഓടിത്തളര്ന്നു വന്ന്, അമ്മയെ ചുറ്റിപിടിച്ച് പതം പറഞ്ഞു കരഞ്ഞു. 'അയാളും അവളും കൂടി നാടുവിട്ടു'. ലോകം മുഴുവന് ശൂന്യമായി പോയവളുടെ മഹാസങ്കടം. പഴയ ചൊടിയും, ചിരിയും സംസാരവുമെല്ലാം അസ്തമിച്ചു. ആ കോളിളക്കത്തിനു ശേഷംവീട്ടില് നിന്നും തറവാട്ടില് നിന്നും അവര്ക്ക് പ്രത്യേക പരിഗണന ലഭിച്ചു. നാം മൂലമുണ്ടായ ദുരന്തമാണെന്ന കാരണത്താല് അവരുടെയും കുട്ടികളുടേയും സര്വ്വ ചിലവുകളും വഹിച്ചു പോന്നു. പൊന്നമ്മയുടെ മനസിന്റെ നേരും, കാത്തിരിപ്പും, ദൈവാധീനവുമെല്ലാം 8-9 മാസങ്ങള്ക്കു ശേഷം കുഞ്ഞിചെറുക്കനെ മടക്കി കൊണ്ടുവന്നു. മറ്റൊരു അതിരാവിലെ ക്ഷീണിച്ചതെങ്കിലും നിറഞ്ഞ പ്രസാദവും, നേരിയ നാണവുമുള്ള മുഖവുമായി പൊന്നമ്മ വന്നു പറഞ്ഞു ;
'അയാള് വന്നു".

നസീമ

രണ്ടരയും ഒന്നും വയസ്സായ കുഞ്ഞുങ്ങളെ നോക്കാനായെത്തിയതായിരുന്നു നസീമയെന്ന കൊല്ലംകാരി.
മനോഹരിയെങ്കിലും ഒരു ചട്ടമ്പി കല്ല്യാണി പ്രകൃതം. എടുത്തടിച്ച് പ്രതികരിക്കുന്ന സ്വഭാവം. എങ്ങനെയാലാലെന്ത്? മക്കളെ നന്നായി നോക്കണം. അത്രമാത്രമായിരുന്നു എന്റെ ഡിമാന്റ്. വേലക്കാരിയെന്ന തരംതാഴ്തലൊന്നും കാണിച്ചിട്ടില്ല. സര്വ്വസ്വാതന്ത്ര്യവും., അധികാരവും ഉണ്ടായിരുന്നു അവര്ക്ക്. കടയില് നിന്ന് എന്തൊക്കെ വാങ്ങണം, ഏതു കറി വെയ്ക്കണം, എപ്പോള് വിളമ്പണം, അതെല്ലാം അവരാണു തീരുമാനിക്കുന്നത്.
'നീയെനിക്ക് അനിയത്തിയെപ്പോലെയാണെന്ന' അവരുടെ ഇടക്കിടെയുള്ള വിളമ്പരം, ഒരനിയത്തിയോ, ജേഷ്ടത്തിയോ ഇല്ലാതിരുന്ന എന്നെ ചില്ലറയൊന്നുമല്ല ആനന്ദിപ്പിച്ചത്. ഞങ്ങള് ജോലിക്കു പോയിക്കഴിഞ്ഞാല് അടുക്കളപ്പണിയൊതുക്കി, കുഞ്ഞിനെ ഒക്കത്തു വെച്ച് ഫ്ലാറ്റിന്റെ മുന്വാതില് തുറന്നിട്ട് അയല് ഫ്ലാറ്റുകള്ക്കുള്ളിലെ കാര്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും, തൊട്ടടുത്ത ബാച്ചിലേഴ്സ് ഫ്ലാറ്റില് രഹസ്യമായി വന്നു പോകുന്ന സ്ത്രീകളെക്കുറിച്ചുള്ള കണക്കെടുപ്പു നടത്തുകയും ചെയ്യുന്നുവെന്നതൊഴിച്ചാല് അവരെനിക്കു പ്രിയപ്പെട്ടവര് തന്നെയായിരുന്നു. അവര് യാത്രചെയ്തുവന്ന വഴികളിലെ വളവു തിരിവുകളെയും, ഗര്ത്തങ്ങളെയും പറ്റി സങ്കടപെടുത്തുന്നതെങ്കിലും, സരസമായി പറഞ്ഞ് പൂര്വ്വകാലങ്ങളെ അയവിറക്കിയിരുന്നു.
ആദ്യഭര്ത്താവു, രണ്ടു കുട്ടികളുണ്ടായിക്കഴിഞ്ഞ് അപകടത്തില് മരണപ്പെട്ടുപോയി. ഇപ്പോള് കൂടെയുള്ളത് രണ്ടാം ഭര്ത്താവാണു. പണ്ട് അവരുടെ നല്ല യൌവ്വനത്തില് 'കെട്ടിക്കോട്ടെ'ന്നു ചോദിച്ച് പുറകെ നടന്നിരുന്ന അവരെക്കാള് നന്നെ ഇളയ മുറച്ചെറുക്കനാണിയാള്. രണ്ടു പേരെയും തമ്മില് താരതമ്യം നടത്തി നടത്തി കിടപ്പറ 'കാര്യങ്ങളി'ല് വരെയെത്തും. ആദ്യയാള് സാധുശീലനായിരുന്നു, പക്ഷേ രണ്ടാമവനങ്ങനെയല്ല ' ആന കരിമ്പിന് കാട്ടില് കയറിയപോലെയാ' ലക്കും ലഗാനുമില്ലാതെ, ബല്ലും ബ്രേക്കുമില്ലാതെ സംഗതികള് പുരോഗമിക്കുമ്പോള് ഉള്ളിലെനിക്കു വല്ലാതെയങ്ങു രസിക്കുമെങ്കിലും, പുറമേ വല്ലായ്മയൊക്കെ വരുത്തി മനസില്ലാ മനസോടെ സ്ഥലം കാലിയാക്കിയിരുന്നു.'
ചെറിയ കാലഘട്ടം കൊണ്ടവര് ചെറുതല്ലാത്ത സുഹൃത്ത് വലയം സംഘടിപ്പിച്ചെടുത്തു.
8 വയസുകാരികളെ മുതല് 80 വയസുകാരികളെ വരെ വഴിതെറ്റിക്കുന്നത് ദുഷിച്ച കൂട്ടുകെട്ടാണെന്ന് പിന്നേയും തെളിയിച്ചുകൊണ്ടവര് അത്ര രഹസ്യമായൊന്നുമല്ലാതെ, സമൂഹമെനിക്കു പുല്ലാണെന്ന മട്ടില് നടന്നു. അവരുടെ ഭര്ത്താവിന്റെ രാത്രിജോലിക്കാലത്തവര് വേറെവിടൊക്കെയോ ആയി അന്തിയുറക്കം. വിസാ പുതുക്കേണ്ട സമയം വന്നപ്പോള് നാട്ടില് പോകണമെന്ന് വാശിപിടിച്കു. മെഡിക്കല് പരിശോധനക്ക് വിധേയയാകേണ്ടി വരുന്നതിലെ ഭയമാണാ വാശിക്കു പിന്നിലെന്ന് പലപ്പോഴത്തെ സംഭാഷണശകലങ്ങളില് നിന്നെന്റെ കൂര്മ്മ ബുദ്ധി ഗ്രഹിച്ചെടുത്തു. എന്തൊക്കെയായാലുമവര് പോകുന്നതിനോടെനിക്ക് പൊരുത്തപ്പെടാന് കഴിഞ്ഞില്ല. വീട്ടിലെ അംഗം തന്നെയായിരുന്നവര്. പക്ഷേ പോകാതെ നിവൃത്തിയില്ല. വിസ കാലാവധി കഴിഞ്ഞു.
യാത്രയാവുന്നതിന്റെ തലേന്ന് മക്കള്ക്ക് കുട്ടിയുടുപ്പുകളും, മിഠായി പൊതികളും കൊണ്ടുത്തന്ന് , അടക്കാനാവാത്ത കരച്ചിലോടെ മക്കളെ രണ്ടുപേരേയും മാറിമാറി യെടുത്ത് അമര്ത്തി ചുംബിച്ച് ചുവപ്പിച്ച്, സ്വയം ചുവന്ന്, എന്റെ കൈ പിടിച്ചമര്ത്തിയവര് പോയപ്പോള് വലതു കയ്യോ, കാലോ നഷ്ടപ്പെട്ടവളെ ഞാനിരുന്നു; ഇനിയൊരിക്കലും കാണാനാവില്ലയെന്ന അറിവോടെ.

അനിത

പിന്നീട് വന്നത് അനിതയെന്ന ഹൈദ്രബാദുകാരിയാണു. അഞ്ചേമുക്കാലടി പൊക്കത്തില്, ഉറച്ച ശരീരവും കറുത്ത ശരീരവും, പാവാടകെട്ടു കവിയുന്ന സമൃദ്ധമായ മുടിയുമുള്ളവള്.
അവളുടെ കാലഘട്ടത്തില്, കുഞ്ഞുങ്ങള് മൂക്കട്ടയൊലിപ്പിച്ചും വൃത്തിഹീനരായും നടന്നു. കഴുകിയുണക്കിയെടുക്കുന്ന തുണികളും കഴുകാന് മൂലയില് കൂട്ടിയിട്ടിരിക്കുന്നവയും തമ്മില് വ്യത്യാസമില്ലാതായി. അടുക്കളയില് നിന്നും തീറ്റസാധനങ്ങള് നിരവധി കളവുപോയി. ഉദാഹരണത്തിനു 30 എണ്ണമുള്ള മുട്ടകളുടെ ട്രേ 5 ദിവസങ്ങള്കൊണ്ട് കാലിയായി. ഒരാള്ക്ക് അത്രയധികമൊന്നും തിന്നു തീര്ക്കാന് കഴിയില്ല. ഫോണ്ബില്ലിലെ തുക ബോധം കെടുത്തി.
തൊട്ടടുത്ത ഫ്ലാറ്റിലെ പാക്കിസ്ഥാനിയുമായി നിരന്തര ചങ്ങാത്തത്തിലായി. മറ്റു പാക്കിസ്ഥാനികള്ക്കപവാദമായി ഒരു നിരാശാകാമുകന്റെ മട്ടും ഭാവവുമുള്ള അയാളുടെ മുറിയില് നിന്നും സദാനേരവും ഹാര്മോണിയം വായനയുടെ സുഖകരമായ നേര്ത്തയൊച്ച പുറത്തേക്ക് വന്നിരുന്നു. നേരുപറഞ്ഞാല് ഏതോഒരു വടക്കേയിന്റ്യക്കാരനുമായി കൂടിക്കഴിഞ്ഞു വരവേയാണീ പുതിയ ചങ്ങാത്തം. ഒരുച്ചനേരത്ത് പാക്കിസ്ഥാനിവീട്ടില് നിന്നവള് പതുങ്ങിയിറങ്ങി വരുന്നതു കണ്ണാലെകണ്ടെന്റെ കണ്ണു പിടഞ്ഞു. പിന്നെപിന്നെ സ്വൈര്യക്കേടിന്റെ പകലുകള്. 'നിന്റെ സേവനം മതി' യെന്ന് മാന്യമായി പറഞ്ഞവസാനിപ്പിച്ച് ഞങ്ങള് അവധിക്ക് നാട്ടിലേക്കു പോയി
മടങ്ങിയെത്തിയപ്പോള് കേട്ടതൊക്കെ അവിശ്വസനീയം. അവള് ഗര്ഭിണിയായിരുന്നുവെന്നും വിസ തീര്ന്ന് ഔട്ട്പാസ്സ് കാത്തു ജയിലില് കിടക്കുകയാണെന്നും.


ലില്ലിയാന്

അവധി തീരുന്നതിനു മുന്പേ പോയി ഒരുത്തിയെ കണ്ടെത്താം എന്നു പറഞ്ഞാണു ഭര്ത്താവ് ഒരാഴ്ച്ച നേരത്തെ വിമാനം കയറിയിവിടെയെത്തി, ആയമാര്ക്കുവേണ്ടിയുള്ള തിരച്ചില് തുടങ്ങിയത്.
മക്കളുമായി ഞാനെത്തുമ്പോഴെക്കും ലിലിയാന് എന്ന നാല്പ്പതു കഴിഞ്ഞ ഫിലിപ്പൈന്സ്കാരിയെ അദ്ദേഹം കണ്ടെത്തിയിരുന്നു. കാലത്ത് വന്ന് സന്ധ്യക്ക് മടങ്ങാം അതായിരുന്നു കണ്ടീഷന്.
രാവിലെയെത്തി നല്ല വേഷങ്ങളഴിച്ചു വെച്ച് വീട്ടുവസ്ത്രമണിഞ്ഞ് , ഇംഗ്ലീഷ് സംഗീത കാസറ്റിട്ട്, അലീഷ ചെനായ്-ടെ കൂടെ മെയിഡ് ഇന്റ്യാ മൂളി പണി തുടങ്ങും ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങള്, തുണികള്, പൂരം കഴിഞ്ഞ ഉത്സവപ്പറമ്പ് വൃത്തിയാക്കുന്ന പ്രയത്നത്തോടെ, ഉത്സാഹത്തോടെ, ഒരു മൂലയില് നിന്നുതുടങ്ങി പരിചയസമ്പന്നയായ മായാജാലക്കാരിയെപ്പോലെ എത്ര പെട്ടന്നാണവര് പണികളുടെ കുട്ടയൊഴിക്കുന്നത്
ഒരിക്കലവര് ചോദിച്ചു 'നിനക്കെന്നെ ഇഷ്ടമാകുമോയെന്നെനിക്ക് പേടിയുണ്ടായിരുന്നു"
'അതെന്തേ' യെന്നു ഞാന്
'നിന്റെ ഭര്ത്താവ് കണ്ടുപിടിച്ച് കൊണ്ടുവന്നവളല്ലേ ഞാന്'
അതു കേട്ട്, സര്വസീമകളേയും ലംഘിച്ചൊരു ചിരി ഉള്ളില് ചിരിച്ച്
' നീയെന്തറിയുന്നു? വിരുദ്ധധ്രുവങ്ങളില് നിന്ന് പടവെട്ടി, രക്തം കാണുന്നത് വരെ പൊരുതി പരസ്പരം മുറിവേല്പ്പിച്ചു രസിക്കുന്നവരാണു ഞങ്ങളെങ്കിലും, ഭാര്യ പറയുന്ന ഏറ്റവും ഗൌരവപ്പെട്ട കാര്യങ്ങളെങ്കിലും, വകവെച്ചു തരികയോ അനുസരിക്കുകയോ ചെയ്യുന്നവനല്ലെങ്കിലും, അദ്ദേഹമമ്മാതിരിയൊരു സ്ത്രീലമ്പടനല്ലന്നും, സന്മാര്ഗ്ഗികതയില് 101 ശതമാനം മാര്ക്കാണു കൊടുത്തിരിക്കുന്നതു‘ മെന്നൊക്കെയുള്ള, മനോഗതങ്ങളില് കൂടി സഞ്ചരിച്ച്, 'എനിക്കു നിന്നെ നല്ലിഷ്ടമായി' എന്ന മറുപടി മാത്രം പറഞ്ഞു.
വൃത്തിയുടേയും വെടിപ്പിന്റേയും രാജ്ഞിയായിരുന്ന അവരുടെ ഭരണകാലത്ത് വീടിന്റെ മുക്കുംമൂലയും വരെ ചന്തത്തില് കിടന്നു. അടിവസ്ത്രങ്ങള് മുതല് പട്ടുസാരികള്വരെ കഴുകിയുണങ്ങി, ഇസ്തിരിപെട്ടിയുടെ ചൂടില് മയങ്ങി അലമാരക്കുള്ളില് സ്വസ്ഥാനങ്ങളില് ശ്രദ്ധാപൂര്വ്വമിരുന്നു. ഇസ്തിരിയിട്ട് വടിപോലെയാക്കിയ കുട്ടിയുടുപ്പുകളിട്ട് മക്കള് വീട്ടില് നടന്നു. മലയാളക്കറിക്കൂട്ടുകളറിയാത്ത അവര് കോഴിയും മത്സ്യവും മുറിച്ചും, അവിയലിനും, സാമ്പാറിനും പച്ചക്കറി നുറുക്കിത്തന്നുമെന്റെ ജോലിഭാരം ലഘൂകരിച്ചു.

ഒരിക്കല് കുടുംബസമേതം ചിക്കന്പോക്സ് ബാധിച്ചു കിടന്ന ദിവസങ്ങളിലെയവരുടെ സഹിഷ്ണത തൊട്ടറിഞ്ഞിട്ടുണ്ട്. ചൊറിഞ്ഞും മാന്തിയും നിലവിളിച്ചും കിടക്കുന്ന മക്കളെ മാറി മാറിയെടുത്ത് തോളിലിട്ട്കൊണ്ടുനടന്നും, ദിവസേന തുണികള് ഡെറ്റോളില് കഴുകിയും, കുന്തിരിയ്ക്കം പുകച്ചും, പഴങ്ങള് നിര്ബന്ധിച്ചു കഴിപ്പിച്ചും, കലാമിന് ലോഷന് പൂശിത്തന്നും, വീട്ടിലെ അമ്മയായി.
ആ കാലങ്ങളിലാണു മകന് ജനിക്കുന്നത്. പ്രസവശുശ്രൂഷകള്ക്കു വന്ന മലയാളിസ്ത്രീ ഒരുമാസത്തേക്ക് വീട്ടില് താമസമാക്കി. നിലത്ത് പായയില് കിടന്ന് ബോറടിച്ച് കരച്ചില് തുടങ്ങുന്ന മകനെ കണ്ട് അവര് പറയും 'അവിടെകിടക്ക്, കുട്ടികള് നിലത്ത് നിന്നാണു വളരേണ്ടത്‘‘. പക്ഷേ കരച്ചില് കേള്ക്കേണ്ട താമസം ലിലിയാന് ഓടിയെത്തി എടുത്ത് മാറോടൊന്നു ചേര്ത്താല് മതി. അവനു സന്തോഷമാകും. ‘ഫിലിപ്പിനോയുടെ മുലക്കിടയില് കിടന്നു വളരാനാണോ ഉദ്ദേശമെന്ന്‘' അവര് തമാശ പറയുന്നതു കേട്ട്, ഒക്കെ മനസിലായെന്ന മട്ടില് ലിലിയാന് ചിരിക്കും.
ഒരിക്കല്മാത്രം മുന്കൂര്നോട്ടീസ് തരാതെ അവധിയെടുത്ത് അവരെന്നെ സംഭ്രമത്തിന്റെ ഹിമാലയത്തില് കയറ്റിയിട്ടുണ്ട്. ‘ഇന്നെനിക്ക് വരാന് കഴിയില്ല‘ന്നു പറഞ്ഞ് രാവിലെ ഫോണ് വരുന്നു. ‘ഇന്നലെ കഴിച്ചതു കൂടിപോയി, എഴുന്നേല്ക്കാന് കഴിയുന്നില്ല, തലകറങ്ങുന്നു‘ എന്നൊക്കെ പിച്ചും പേയും പറഞ്ഞ് ഫോണ് വെച്ചു. ഓഫീസിലേക്കിറങ്ങാന് തയ്യാറായി നിന്ന എനിക്ക് അന്നേ ദിവസം തയ്യാറാക്കേണ്ടിയിരുന്ന ടെന്ററും, ബാക്കി വെച്ച പണികളും തക്കാളി പോലെ ചുവക്കുന്ന ബോസ്സിന്റെ മുഖവും വയറ്റില് പരവേശം കയറ്റി.
കുട്ടികള്ക്ക് സൂക്കേടൊഴിഞ്ഞ സമയമില്ല. മാസത്തില് നാലും അഞ്ചും തവണകള് ആശുപത്രി കയറിയിറങ്ങണം. മൂത്തവള്ക്ക് പനി വന്നാല് താഴെയുള്ളവര്ക്കും വരണമെന്നത് നേര്ച്ച പോലെയാണു. മാസാവസാനങ്ങളില് വരുന്ന സൂക്കേടുകളും അപ്പോഴേക്കും കാലിയാകുന്ന പേഴ്സും കണ്ട് എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിക്കുന്ന ഞങ്ങളെ കണ്ട് അവരുടെ ആറാമിന്ത്രിയം ഉണരും. 100-ന്റെ നോട്ട് കയ്യിലേക്ക് വെച്ചു തന്ന് കുഞ്ഞിനെ ആസ്പത്രിയിലെത്തിക്കാന് ഉപദേശിക്കുമ്പോള് ‘ഇവര് എന്റെയാരാണാവോ ഈശ്വരായെന്നോര്ത്ത്’‘ കണ്ണു നിറയും.
ഒരിക്കല് ഓഫീസില് നിന്നെത്തുമ്പോള് വികൃതിയായ മകന്റെ മുഖമാകെ തിണര്ത്തും മൂക്കില്മുകള് കരിനീലിച്ചും നീരുവന്നുമിരിക്കുന്നു. എന്താണു, എന്തു പറ്റിയെന്നെത്ര ചോദിച്ചിട്ടും അവരൊന്നും പറയുന്നില്ല. ആകെമാനം സ്തംഭിച്ചും, വെറുങ്ങലിച്ചും നില്ക്കുകയാണ്. അടുത്ത മുറിയിലെ നേഴ്സ് വന്നാണു സംഭവങ്ങള് പറയുന്നത്. മകന് കട്ടിലേക്കു വലിഞ്ഞുകയറുന്നതും ഊര്ന്നിറങ്ങുന്നതും ഹോബിയാക്കിയിരുന്ന കാലമായിരുന്നു അത്. ലിലിയാന് അടുക്കളയിലേക്കോ മറ്റോ തിരിഞ്ഞ നേരത്താണു അവന് മൂക്കും കുത്തി താഴേക്കു വീണത്. കരച്ചില് കേട്ടോടിയെത്തിയ അവര് മൂക്കില് നിന്ന് രക്തമൊലിപ്പിച്ച് ശ്വാസം നില്ക്കാറായ അവനെയാണു കാണുന്നത്. താങ്ങിയെടുത്ത് നേഴ്സിന്റെയടുത്തെത്തിച്ചു. അവര് അവനെ കമഴ്ത്തിപ്പിടിച്ച് ശ്വാസം തിരികെ വരുത്തുകയും, മൂക്കിന് മുകളില് ഐസ് വെച്ച് രക്തമൊലിക്കല് നിര്ത്തുകയും ചെയ്തു. കാര്യങ്ങളെല്ലാം വിശദമായിപ്പറഞ്ഞ് വിഷമിക്കണ്ടന്ന് ലിലിയാന്റെ തോളില് തട്ടിയവര് പോയി.
‘കുട്ടിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില് പിന്നെ ഞാന് .. ‘ പറഞ്ഞതു മുഴുവനാക്കാതെ ഒറ്റക്കരച്ചിലായിരുന്നു അവര്.
പിന്നേയും മാസങ്ങള് നീണ്ടു. മകന് നാവെടുക്കാറായപ്പോള് മുതല് തഗാലോഗ്-ന്റെ ചുവ കലര്ന്ന മലയാളമായി അവന്റെ ഭാഷ. തിരിച്ചറിയാന് കഴിയാത്ത കുഞ്ഞു വാചകങ്ങള്ക്കു തഗാലോഗ് ഭാഷയുടെ മനോഹരമായ ഈണമുണ്ടായിരുന്നു.

മകന്റെ വിദ്യാരംഭം വരെ അവര് കൂടെയുണ്ടായിരുന്നു. അവര്ക്ക് ഏതോ ക്ലീനിങ്ങ് കമ്പനിയില് ജോലി കിട്ടി. പോയ്ക്കോട്ടെ യെന്ന് ചോദിച്ചു. താമസസൌകര്യങ്ങളും ഓവര്റ്റൈമും മറ്റുമുണ്ട്. പോയി രക്ഷപെടട്ടെയെന്ന് ഭര്ത്താവു പറഞ്ഞു.
അതെ, രക്ഷപെട്ടോട്ടെ. ഭര്ത്താവുപേക്ഷിച്ചുപോയ അവര്ക്ക് നാലു മക്കളുണ്ട്. മൂത്തവള് നേഴ്സിങ്ങ് പഠിത്തത്തിനു ചേര്ന്നു. ചിലവുകള് കൂടി വരികയാണു. ആനക്ക് തടി ഭാരം, ഉറുമ്പിനു അരി ഭാരം. ഓരോരുത്തനു അവനവന്റെ ഭാരം കൂടുതലാണു. പോയിക്കോട്ടെ.
അവര് പോയി.

വീട്ടുപണികള്, ഓഫീസു പണികള്. മക്കളെ നോക്കല്.
പണികളുടെ അറ്റങ്ങള് തമ്മില് കൂട്ടിമുട്ടുന്നില്ല . ക്ലേശങ്ങളുടെ പ്രളയങ്ങളിലൂടെ നീന്തിക്കരകയറാന് കഴിയുന്നില്ല.
ഭക്ഷണം കഴിക്കാന് എത്ര തവണ മറന്നു. ക്ഷീണിച്ച് എല്ലും തൊലിയുമായി
ചുമടെടുക്കുന്ന കഴുതയെപ്പോലെ തളര്ന്നു.

മൂന്നു മക്കള്.
അവരൊന്നു പെട്ടന്നു വളര്ന്നെങ്കില്.
പറയുന്ന കാര്യങ്ങള് നേരാംവണ്ണം ചെയ്യാന് പ്രാപ്തിയായെങ്കില്.
കാലമൊന്ന് ആഞ്ഞോടിയെങ്കില്.
ലിലിയാനെയോര്ത്ത് പൊട്ടിപൊട്ടിക്കരഞ്ഞു.
എവിടെയാണു? അവരെവിടെയാണു ?

കാലം മന്തുരോഗിയെപ്പോലെ നീങ്ങി
ഇതെഴുതുമ്പോള് കണ്ണുകള് നീറുന്നു .ഹൃദയം മുറിയുന്നു.
അവരിതൊക്കെ ഓര്ക്കുന്നുണ്ടാവുമോ ആവോ?
അവര് പൊന്നു പോലെ വളര്ത്തിയ
എന്റെ മകനിപ്പോള് 13 വയസുകഴിയുന്നുവെന്ന് അവരറിയുന്നുണ്ടോ?




* * * * * * * * * * * * * *
© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com