മെയ് 29 ആറ് മണി കഴിഞ്ഞ് 32 മിനിറ്റ്


രാത്രിയില്‍ കണ്‍പോള കൂട്ടിയടച്ചിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴറിഞ്ഞു, അവളുമുറങ്ങിയിട്ടില്ല. എങ്ങനെയുറങ്ങും? നാളെ ഫലമറിയുകയാണു. ജീവിതത്തിലേക്കോ തൂക്കുകയറിലേക്കോ എന്നതല്ല. അറ്റന്റ് ചെയ്ത ഇന്റര്‍വ്യൂ-ന്റെ ഫലപ്രഖ്യാപനവുമല്ല. വെറും പത്താം ക്ലാസില്‍ നിന്നുള്ള ജയമോ പരാജയമോ എന്ന അനിശ്ചിതത്ത്വത്തിന്റെ സംഭ്രമമാണു ആ കുഞ്ഞുതലയില്‍ അഗ്നി കോരിയിട്ടിരിക്കുന്നത്. 'തോല്‍ക്കുകയാണെങ്കില്‍ അങ്ങനെ! വിഷമിക്കല്ലെ പൊന്നേ' യെന്ന് നെഞ്ചോടു ചേര്‍ത്ത് പറയണമെന്നുണ്ടായിരുന്നു. അവളുറങ്ങുകയാണെന്ന അമ്മ ധരിച്ചിരിക്കുന്നുവെന്ന ആ ചിന്തയെ തെറ്റിക്കേണ്ടന്നു കരുതി അതിനു മുതിര്‍ന്നില്ല.പകരം അടിമുടിയെരിഞ്ഞൊരു തുണ്ട് പ്രാര്‍ത്ഥനയില്‍ നീറി. എന്റെ കുഞ്ഞിനെ സങ്കടപ്പെടുത്തല്ലേന്ന് ! തൊട്ടു തലേ ആഴ്ചയില് 12 -ആം ക്ലാസിന്റെ കൊല്ലപരീക്ഷാഫലത്തില്‍ സ്കൂളിലെ ടോപേഴ്സ് ലിസ്റ്റില്‍ വന്ന്' മൂത്തവള്‍ വീടു മുഴുവന്‍ ആഹ്ലാദം കൊണ്ടു നിറച്ചതാണു. വരാന്‍ പോകുന്ന സങ്കടത്തിന്റെ മുന്നറിയിപ്പാണോ ഈ ആഹ്ലാദമെന്നോര്‍ത്ത് മധുര വിതരണം നടത്തുമ്പോള്‍ നെഞ്ചിടിച്ചിരുന്നു. വയററിഞ്ഞു വിളമ്പേണ്ട അമ്മയാണു ഞാന്‍. ഓരോ മക്കളില്‍ നിന്നും നിലയറിഞ്ഞേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഫ്രാന്‍സുകാര‍ന്റെ ഭാഷയാണു അവളെയെക്കാലവും കുഴക്കിയിട്ടുള്ളത്. അതില്‍ തോല്‍‌വി ഏകദേശം ഉറപ്പാണു. തോറ്റുവെങ്കില്‍ കം‌പാര്‍ട്ടുമെന്റ് എഴുതിയെടുക്കേണ്ടി വരും. 11-ആം ക്ലാസിലെ പഠനം 2 മാസം പിന്നിടുകയും ചെയ്തു. പിന്നേയും പഴയ പത്താം ക്ലാസില്‍ പോയിരിക്കേണ്ടി വരുന്നതിന്റെ മനോവേദനയെന്റെ കുട്ടിക്കു താങ്ങാന്‍ കഴിയുമോ? ഈശ്വരാ!! എന്തോരു ഇരിക്കപൊറുതിയില്ലായ്മയാണു. ഇപ്പോള്‍ കൂടുതലൊന്നുമല്ല, വെറും പാസ്സ് മാര്‍ക്ക്, അതാണു യാചിക്കുന്നത്. അതു മതി! അത്ര മാത്രം മതി! അത്ര പാവമാണവള്‍'.

15-വര്‍ഷങ്ങള്‍ പിറകില്‍ നിന്നും മെല്ലെ കാലം മുന്നോട്ട് നടക്കാന്‍ തുടങ്ങി.
പ്രണയിച്ചു വിവാഹം ചെയ്തവരായതു കൊണ്ട് ദാമ്പത്യവല്ലരി ഇടക്കിടെ പൂത്തുകൊണ്ടിരുന്നുവെന്ന് സുഭാഷ് ചന്ദ്രന്‍ എഴുതിയിരിക്കുന്നു.
അദമ്യപ്രണയത്തിലെ രതിയുടെ ഉരുള്‍പൊട്ടലില്‍ വിരിയുന്ന കുസുമങ്ങള്‍ക്കാണ് സൌരഭ്യം കൂടുകയെന്ന് സുഹൃത്ത് പറയുന്നു. ഇതു രണ്ടും തെറ്റാണു. അദ്ദേഹത്തിനു എന്നോടുള്ള കഠിന പ്രണയത്തില്‍ നിന്നോ സ്നേഹത്തില്‍ നിന്നോ അല്ല എനിക്ക് മക്കള്‍ പിറന്നിട്ടുള്ളത്. എന്നിട്ടും, എന്റെ കുഞ്ഞുങ്ങള്‍ പൊഴിക്കുന്നത്ര പരിമളം വേറെങ്ങുമനുഭവിച്ചിട്ടില്ല. ഒരുപക്ഷേ, ഇത്തിരി പോന്നൊരെന്റെ പ്രാണനെ തുമ്പു കെട്ടിയിട്ടിരിക്കുന്നതു തന്നെയവരുടെ സാന്നിദ്ധ്യമാണു. മറ്റു ഭര്‍ത്താക്കന്മാരുടെ ഭാര്യമാരോടുള്ള കനിവും കരുതലും ആര്‍ദ്രതയുമൊക്കെ കാണുമ്പോഴാണ് ഇങ്ങനെയൊക്കെയും ലോകത്തില്‍ നടപ്പുണ്ടെന്ന് അത്ഭുതത്തോടെയും നഷ്ടബോധത്തോടെയും ഓര്‍ക്കുക. അപ്പോള്‍ അദ്ദേഹത്തിന്റെ സ്നേഹങ്ങളൊക്കെയെവിടെയിരിക്കുന്നുവെന്നു ചോദിക്കരുത്. അതെവിടൊക്കെയോ സംഭരിച്ച് വാര്‍ദ്ധക്ക്യത്തില്‍ എന്നെ അമ്പരപ്പിക്കാനായി വെച്ചിട്ടുണ്ടന്നോര്‍ത്തു സമാധാനിക്കുകയാണു..

മൂത്തവള്‍ പിറന്ന് 8 ആം മാസമാണു വേവലാതിയോടെയറിയുന്നത്. പുതിയൊരാള്‍ വരാന്‍ പോകുന്നുവെന്ന്!. ആവേശത്തിനു പകരം അങ്കലാപ്പ്, ആഹ്ലാദത്തിനു പകരം ആധി.
അവള്‍ പിറന്നു. വെളുത്തു തുടുത്ത്, ഓമന മുഖവും കടും നീലക്കണ്ണുകളും. താമരനൂലു പോലെ ചുവന്ന ചുണ്ടുകള്‍ വലിച്ചു തുറന്നു വാവിട്ട് കരഞ്ഞുകൊണ്ടു വന്നവള്‍, ഞങ്ങളുടെയെല്ലാം കണ്ണും കരളുമായിതീര്‍ന്നു. ഓരോ ദിനങ്ങളും സാവധാനം പിന്നിട്ടു. ഓരോ പിറന്നാളുകളും ഒച്ചകളൊന്നുമില്ലാതെ കടന്നു. മൂന്നാണ്ടുകള്‍ കൂടി കഴിഞ്ഞ് ഇളയവന്‍ കൂടി പിറന്നപ്പോള്‍ മൂത്തവള്‍ക്കും ഇളയവനും ഇടയില്‍ പെട്ടവള്‍ ഞെരുങ്ങുന്നുണ്ടോയെന്ന് നിരന്തരം സംശയിപ്പിച്ചു. നേഴ്സറിക്കാസുകള്‍ മുതല്‍ ഓരോ കടമ്പയും പതുങ്ങിപതുങ്ങിക്കയറി. മറ്റു രണ്ടുപേര്‍ കളിച്ചവശേഷിപ്പിച്ച കളിക്കോപ്പുകളെയാണ‍യാണവള്‍ തൊടുക. മറ്റു രണ്ടുപേരുടെ‍ അസാന്നിദ്ധ്യത്തില്‍ മാത്രമാണു അമ്മയുടെയോ അച്ഛന്റെയോ മടിയില്‍ സ്വാതന്ത്ര്യമായിരിക്കുക. .

സ്കൂള്‍ വിട്ട് മൂന്നാള്‍ക്കാരും വായ് നിറയെ വര്‍ത്തമാനങ്ങളുമായോടി വരുമ്പോള്‍ അവളുടെ കുഞ്ഞുവായ്ത്താരികള്‍ മറ്റു രണ്ടു തന്റേടികളുടെ ഒച്ചപ്പാടുകളില്‍ മുങ്ങിപോകാതിരിക്കാന്‍ നന്നേ പണിപ്പെടേണ്ടി വന്നിട്ടുണ്ട്. അവരുടെ ദ്രോഹങ്ങളില്‍ പെട്ട് നിലവിളിച്ചു വരുന്ന അവളോട് 'പോയി തിരികെ അടിച്ചിട്ടു വാടീ" യെന്നു ക്രുദ്ധിച്ചു, സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. (ഓടിപ്പോയി ഒരു വിരലോ മറ്റോ കൊണ്ട് തോണ്ടി, അടിച്ചെന്നു വരുത്തി, ചിരിച്ച്, ഒരു യുദ്ധംജയിച്ചവളെ പോലെ വരാറാണു പതിവ്).

സ്കൂള്‍ മത്സരങ്ങള്‍ക്കിടയില്‍ അവള്‍ക്കു മറ്റു കുട്ടികള്‍ക്ക് വേണ്ടി തോറ്റുകൊടുക്കുകയാണെന്ന് അവളുടെ കുഞ്ഞുമൊഴികളില്‍ നിന്ന് ഞാന്‍ മനസിലാക്കിയെടുത്തു. പ്രിയപ്പെട്ട 'ഡ്രോയിഗ് വര' ഒഴിവാക്കുക, ഓട്ടത്തിനിടയില്‍ മനപൂര്‍വ്വം വേഗത കുറച്ചുമവള്‍ സ്വയം വഴിമാറുന്നതറിഞ്ഞപ്പോള്‍ മുതല്‍ ഒരമ്മയുടെ ന്യായമായ പരിഭ്രമങ്ങളില്‍ കുഴഞ്ഞു. ഇല്ലാത്തയവകാശങ്ങള്‍ വരെ പടവെട്ടി നേടിയെടുക്കുന്ന മറ്റു രണ്ടുപേരെ കണ്ടെങ്കിലും ഈ കുട്ടി പഠിക്കാത്തതെന്തേയെന്ന ആകുലതയിലും വീണുപോയി ഞാന്‍.

കുഞ്ഞു തലച്ചോറിനു മനസിലാകുന്ന ഭാഷകളില്‍, അവള്‍ക്കു വഴിമാറിക്കൊടുക്കാത്ത ഒരു സമൂഹമാണു ചുറ്റുമുള്ളതെന്നും, അതിസാമര്‍ത്ഥ്യക്കാര്‍‍ക്കു മാത്രം വെട്ടിപ്പിടിക്കാന്‍ നിന്നുകൊടുക്കുന്നൊരു ലോകമാണീ പരന്നു കിടക്കുന്നതെന്നും, ആരെ ചവിട്ടി തോല്‍പ്പിച്ചും ജയിക്കാന്‍ ശീലിച്ച കുറെയേറെ മനുഷ്യരുണ്ടെന്ന് കാട്ടിക്കൊടുത്തു.
സങ്കടം വന്നാല്‍ കരയാനും, സന്തോഷിക്കുമ്പോള്‍ ചിരിക്കാനും, ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കാനും വരെ പഠിപ്പിച്ചു കൊടുക്കേണ്ടി വന്നു.
സാവധാനം അവളതൊക്കെ മനസിലാക്കിയെടുക്കുന്നുണ്ടായിരുന്നു.
'ഒരു കുട വാങ്ങിത്തരുമോ അമ്മേ'
'കാലിന്റെ ചെറു വിരല്‍ വേദനിക്കുന്നൂ അച്ഛാ, ഷൂസ് ചെറുതായി." എന്നൊക്കെ വല്ലപ്പോഴും പതുങ്ങി നിന്നു ആവശ്യങ്ങള്‍ വിമുഖതയോടെയെങ്കിലും അറിയിക്കുന്നതിനൊരുമ്പെട്ടു തുടങ്ങി.
എങ്കിലും പഠനമെന്ന മൂന്നക്ഷരം ചെകുത്താന്‍ കണ്ട കുരിശിനെപ്പോലെയായി അവള്‍ക്കു. പുസ്തകമെടുക്കൂവെന്നു വാക്കുകളവളില്‍ ഈര്‍ഷ്യയുടെ കടല്‍ സൃഷ്ടിച്ചു. മുടി മുന്നിലേക്കു വലിച്ചിട്ട് മുഖം പുസ്തകത്തിലേക്ക് പൂഴ്ത്തി റ്റീച്ചറിനു വേണ്ടിയവള്‍ ഹോംവര്‍ക്കുകള്‍ എഴുതി തീര്‍ത്തു. മുതിരുന്തോറും ഇഷ്ടാനിഷ്ടങ്ങളുടെ രുചിഭേദങ്ങള് ‍വെളിപ്പെട്ടു കൊണ്ടിരുന്നു.
ZEE T.V-യിലെ സീരിയല്‍ കഥകളെവിടെയെത്തിനില്‍ക്കുന്നു? M.TV. യിലെ ഓരോ ദിവസത്തെയും പാട്ടുകള്‍ ഏതൊക്കെ? Fashion Channel- ല്‍ എന്തൊക്കെയാണു പുതിയ ട്രെന്റ് ? സൌന്ദര്യ പരിരക്ഷ എങ്ങനെ ചെയ്യാം? ഇതൊക്കെ ചോദിക്കൂ; വാസനത്തൈലങ്ങളെക്കുറിച്ച് ചോദിക്കൂ ; വ്യക്തമായ നിരീക്ഷണങ്ങളുണ്ട്. അവള്‍ കൃത്യമായി ഉത്തരം പറയും. (വിവിധതരം സുഗന്ധ ലേപനങ്ങളില്‍ മുങ്ങി എപ്പോഴും സൌരഭ്യം വിതറി നടക്കുന്ന അവള്‍ക്ക് കസ്തൂരിമാന്‍ എന്ന വിളിപ്പേരും ഉണ്ട്). ഏതുനേരവും ചിറകുകള്‍ കൊത്തിമിനുക്കിയിരിക്കുന്ന പ്രാവിനെയോ, എത്ര തുടച്ചാലും മതിവരാതെ മുഖം വൃത്തിയാക്കുന്ന് പൂച്ചക്കുഞ്ഞിനേയോ ഓര്‍മ്മിപ്പിക്കുന്ന പ്രകൃതം.

പോകെപോകെ, ലോകത്തിന്റെ മുഴുവന്‍ ശാന്തതയും അവളിലേക്ക് കയറിയിരുന്നു.
അച്ഛനുള്ള കാപ്പിക്ക് എത്ര കടുപ്പമാണു വേണ്ടതെന്ന് ലവലേശം തെറ്റാതെ അവള്‍ക്കറിയാം. ചേട്ടത്തിയുടെ കാടു കയറിയ മുടിയില്‍ എണ്ണ തേച്ച് അസലായി ചീകികെട്ടിക്കൊടുക്കാനറിയാം. രാവു പകലാക്കി തൊണ്ടയിലെ വെള്ളം വറ്റിച്ചു പഠിക്കുന്ന ചേട്ടത്തിക്ക് കാപ്പിയിട്ടു കൊടുത്തും, ഏകാന്തതയകറ്റിയും രാവെളുക്കുവോളം കൂട്ടിരിക്കും.(അവള്‍ക്കും പത്താം ക്ലാസിന്റെ ബോര്‍ഡ് പരീക്ഷ നടക്കുകയാണെങ്കിലും പാഠപുസ്തകത്തിനു പകരം young times- ഉം archie comics- ഉം വായിച്ചു നേരം കൊല്ലും).

അനിയന്‍ കരയുമ്പോള്‍ നെഞ്ചോടു ചേര്‍ത്ത് പോട്ടെ പോട്ടെ-ന്നു ആശ്വസിപ്പിച്ച് കണ്ണീര്‍ തുടക്കാനറിയാം. 'എന്റെ കൈ വന്നില്ലെങ്കില്‍ ഒന്നും ശരിയാവില്ല'ന്ന് പറഞ്ഞ് അമ്മയുടെ വരണ്ടിരിക്കുന്ന കൈകാലുകളില്‍ ക്രീം -ഇട്ടു മിനുക്കാനറിയാം. മൈഗ്രേന്‍ വന്ന് തലപിളര്‍ന്ന് കിടക്കുമ്പോള്‍ ഇരുട്ടിലൂടെ നീണ്ടുവന്ന് നെറ്റിയിലമരുന്ന വെണ്ണയുടെ മാര്‍ദ്ദവമുള്ള വിരലുകളാരുടെയെന്നറിയാന്‍ കണ്ണു തുറക്കേണ്ട കാര്യമില്ല. കുടല്‍ വെളിയില്‍ വരും രീതിയില്‍ ശര്‍ദ്ദിക്കുമ്പോള്‍ പുറം തിരുമ്മുന്ന കനം കുറഞ്ഞ കൈകളാരുടെതന്നറിയാന്‍ തിരിഞ്ഞു നോക്കേണ്ടതില്ല. അതവളാണു. അവള്‍ക്കു മാത്രമേ അങ്ങനെയൊരു ഹൃദയമുള്ളൂ. പക്ഷേ പറഞ്ഞിട്ടെന്ത്? പത്തു ജയിക്കാത്തവള്‍ക്ക് ഈ കാലത്ത് എന്തു വിലയാണുള്ളത്? എന്തു ജോലിയാണു കിട്ടുക? കെട്ടാന്‍ ആരാണു വരിക?

ഫലപ്രഖ്യാപന ദിനമടുക്കുംതോറും, സമുദ്രജലം പോലെ പെരുകിയ എന്റെയാധിയെ പങ്കുവെച്ചത് സുഹൃത്ത് വിത്സനോടു മാത്രമാണു. വല്ലവിധേനെയും നേരത്തെയെങ്ങാന്‍ ഫലമെത്തിയാല്‍ അറിയിക്കാമെന്നും, പ്രാര്‍ത്ഥിക്കാമെന്നും സമാധാനിപ്പിച്ചു.
അനന്തരവനെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

* * * * * *
രാവു വളരുന്നേയില്ല. ആലോചനകള്‍ കാടും പടര്‍പ്പും കയറിയലഞ്ഞു തളര്‍ന്നു.
ഫോണ്‍‍ തലയ്ക്കല്‍ തന്നെയുണ്ടോയെന്ന് വീണ്ടും വീണ്ടും പരിശോധിച്ചു.
കണ്ണുകള്‍ ക്ലോക്കിലും, ഫോണിലും അവളിലുമായി കറങ്ങി നടന്നു.
3, 4, 5, സമയത്തിന്റെ കയ്യും കാലും ആരാണു കെട്ടിയിട്ടിരിക്കുന്നത്?
ആറു മണി കഴിഞ്ഞ് കുറെ മിനിറ്റുകളും പിന്നിട്ടു.
സര്‍വ്വ ഉത്കണ്ഠകള്‍ക്കുമറുതി വരുത്തിക്കൊണ്ട് ഫോണ്‍ അടിക്കുകയാണു.
എനിക്കൊപ്പം അവളും ചാടിയെണീറ്റു.
"അമ്മായീ, മാര്‍ക്കുകള്‍ കുറവാണു, എഴുതിയെടുത്തോളൂ." ഖത്തറില്‍ നിന്നു അനന്തരവനാണു.
" ഫ്രെഞ്ചിനു എത്രയുണ്ട്? " അതെ; അതാണറിയേണ്ടത്.
" 37 " ആശ്വാസത്തിന്റെ കൊടുംകാറ്റായിരുന്നാ വാക്കുകള്‍.
മാര്‍ക്കുകള്‍ എഴുതിയെടുത്തു കൂട്ടി, % കണക്കാക്കുമ്പോള്‍ കൈ കുഴഞ്ഞു.
കാല്‍ക്കുലേറ്ററില്‍ അതു തെളിഞ്ഞു. 60.4%.
ഈശ്വരാ !! എങ്ങനെയാണു നിനക്കു നന്ദി പറയേണ്ടത്? അതറിയാതെ ഹൃദയം കുഴങ്ങി.
പിന്നെയവളുടെ മുഖത്തേക്കു നോക്കി. പെട്ടന്നവള്‍ രണ്ടു കൈകളും കൊണ്ടു തരിമ്പും കാണാത്തവണ്ണം മുഖം പൊത്തി. എന്താണു? കരയുന്നുവോ? അതോ ചിരിക്കുന്നുവോ? അതുമല്ലങ്കില്‍ സ്വപ്നമെന്നു കരുതുന്നുവോ? മുഖം മറച്ചിരുന്ന കൈകള്‍ മെല്ലെ നീക്കി. അപ്പോള്‍, അന്നു വരെ കണ്ടിട്ടില്ലാത്ത, അത്രമേല്‍ ശോഭയേറിയ പൂര്‍ണ്ണചന്ദ്രോദയത്തില്‍ ഉണരുകയായിരുന്നു ആ മുഖം.
© പകര്‍പ്പവകാശം: മക്കള്‍ക്ക് ::-:: Copyrights © reserved: devamazha@gmail.com